ഭൂമിയിടപാട് കേസുകൾ റദ്ദാക്കില്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി 

 

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസുകൾ റദ്ദാക്കണമെന്ന സിറോ മലബാര്‍ സഭയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. 

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിൽ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ ശ്രമിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കോടതിയിൽ ആരോപിച്ചിരുന്നു. 

സുപ്രീം കോടതിയില്‍ കര്‍ദിനാളിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ദിനാളിനെതിരായ പരാതിയിൽ സര്‍ക്കാര്‍ അന്വേഷണം നടത്തിരുന്നെന്നും, സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്നും സർക്കാർ വ്യക്തമാക്കി.