‘താഴ്ന്നുപറന്നത് കാലാവസ്ഥ മോശമായതിനാൽ, ദിശതെറ്റി സന്നിധാനത്തെത്തി’; വിശദീകരണവുമായി കോസ്റ്റ് ഗാർഡ്

 

സന്നിധാനത്ത് ഹെലിക്കോപ്ടർ അതീവ താഴ്ന്നുപറന്ന സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ് ഗാർഡ്. മോശം കാലാവസ്ഥയെത്തുടർന്ന് ദിശമാറി സഞ്ചരിച്ചതാണ് ഹെലിക്കോപ്ടർ സന്നിധാനത്തിന് മുകളിലെത്താൻ കാരണമായതെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല ഹെലിക്കോപ്ടർ ഈ മേഖലയിൽ എത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൊടിമരത്തിന് ഏതാണ്ട് അഞ്ചടി മാത്രം ഉയരത്തിലൂടെയാണ് ഹെലിക്കോപ്ടർ പറന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് ഇത്തരത്തിൽ ഹെലിക്കോപ്ടർ എത്തിയത് വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല എ.ഡി.ജി.പി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

റഡാർ സംവിധാനം ഉപയോഗിക്കാതെയാണ് ഹെലിക്കോപ്ടർ സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക വിവരമുണ്ട്. യാത്രയ്ക്കിടെ ക്ഷേത്രം കണ്ടപ്പോൾ സൈനികർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായും സൂചനയുണ്ട്. പോലീസിന്റെ പ്രത്യേക അനുമതിയോടെ മാത്രം ഡ്രോണുകൾ പോലും പറത്താൻ അനുവാദമുള്ള മേഖലയിൽ ഹെലിക്കോപ്ടർ താഴ്ന്നുപറന്നത് ഗൗരവമായാണ് അധികൃതർ കാണുന്നത്.