കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു, ഗതാഗതം തടസ്സപ്പെട്ടു

 

കണ്ണൂർ-വയനാട് പാതയിലെ പാൽചുരത്തിൽ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

കാർ പാൽചുരത്തിൽ 50 മീറ്ററോളം മുന്നോട്ട് പോയതിന് പിന്നാലെയാണ് മണ്ണും പാറക്കഷണങ്ങളും റോഡിലേക്ക് പൂർണമായി ഇടിഞ്ഞുവീണത്. റോഡിൽ മണ്ണും പാറക്കഷണങ്ങളും നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അതിനിടെ, കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ചെറുപുഴ, കാര്യങ്കോട് പുഴകളിൽ ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങൾ പലതും വെള്ളത്തിനടിയിലായി. കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്.

ശക്തമായ മഴയെ തുടർന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞു. കണ്ണൂർ കുപ്പം സി.എച്ച് നഗറിലും വീണ്ടും വെള്ളം കയറി. ദേശീയപാത നിർമാണ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പ്രദേശവാസികൾക്ക് ദുരിതമായി.