കള്ളാടി മണ്ണിടിച്ചിൽ: മരണം അഞ്ചായി; രണ്ട് പേരുടെ നില ഗുരുതരം; പരിശോധനകൾക്ക് മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

 

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്.തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.