ഇടുക്കിയിൽ മണ്ണിടിച്ചിൽ: രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ
Updated: Sep 20, 2026, 20:53 IST
ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ അതിശക്തമായ മഴയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ ഷെഡ് തകർന്നു വീണ് രണ്ടുപേർ മരിച്ചു. വട്ടവട കൊട്ടാക്കമ്പൂർ മേലേവയൽ സ്വദേശികളായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉച്ചയോടെ പെയ്ത കനത്ത മഴയിൽ മേലേവയലിലെ വീട് തകർന്നു വീഴുകയായിരുന്നു. അപകട സമയത്ത് മൂന്നുപേരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. വീട് തകർന്നതിനൊപ്പം സമീപത്തുണ്ടായിരുന്ന സർവീസ് ലൈനിൽ നിന്നോ വൈദ്യുത വയറിങ്ങിൽ നിന്നോ ഷോക്കേറ്റതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.