വയനാട് മണ്ണിടിച്ചിൽ; രണ്ട് മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

 

വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.ആറ് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 265 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് വിവരം. ചൂരൽമല പുഴയിലും നീരൊഴുക്ക് ശക്തമായിരുന്നു.പയനാട്-കള്ളാടി തുരങ്കപാത നിർമാണം നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന പള്ളിയുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലാത്ത നിലയിലാണ്. തൊട്ടടുത്തുള്ള ഒരു വീടും പൂർണമായും തകർന്നു. പ്രദേശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും തകർന്നിട്ടുണ്ട്.

വാഹനങ്ങൾ ഉൾപ്പെടെ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് സംഘത്തെ സ്ഥലത്തെത്തിക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്.