കള്ളാടി മണ്ണടിച്ചിൽ: 'ലോറിക്കടിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, ഇത് രണ്ടാം ജന്മം', ഞെട്ടൽ മാറാതെ ദമ്പതികൾ

 

"മക്കളെ ഇനി കാണില്ലെന്നാണ് കരുതിയത്, ഇത് ഞങ്ങൾക്ക് കിട്ടിയ രണ്ടാം ജന്മമാണ്‌," വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ തമിഴ്‌നാട് സ്വദേശികളായ ബൽരാജും ഭാര്യ കൂടമ്മാളും മാധ്യമങ്ങളോട് പറഞ്ഞു. മീനാക്ഷി എസ്റ്റേറ്റിലെ ഏലം തൊഴിലാളികളായ ഇരുവരും ബാങ്ക് ആവശ്യങ്ങൾക്കായി മേപ്പാടിയിൽ എത്തിയപ്പോഴായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വലിയ ശബ്ദത്തോടെ മലയിടിഞ്ഞ് വരുന്നത് കണ്ട് ഓടിയെങ്കിലും, മണ്ണും വാഹനങ്ങളും ഒലിച്ചുവന്ന് ലോറിക്കടിയിൽ പെടേണ്ട സാഹചര്യത്തിൽ നിന്നാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അപകടത്തിൽ കൂടമ്മാളിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. പ്രദേശത്ത് നിർമ്മിച്ചിരുന്ന വലിയ കോൺക്രീറ്റ് ഭിത്തി പൂർണ്ണമായും തകർന്നു. നിലവിൽ മണ്ണിനടിയിൽ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ മറ്റ് 7 പേർക്കായി അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്കും പരിക്കേറ്റിട്ടുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുജനങ്ങൾ പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ കർശന നിർദേശം നൽകി.