തൃശൂർ- കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തി; എക്‌സിക്യൂട്ടീവ് എൻജിനീയറിന്  സസ്‌പെൻഷൻ 

 

റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി പുനരുദ്ധരിക്കുന്ന തൃശൂർ- കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയതിന് കെഎസ്ടിപി കുറ്റിപ്പുറം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ് എം അഷറഫിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിലും ടെൻഡർ ചെയ്തതിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കെഎസ്ടിപി ചീഫ് എൻജിനീയർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തൃശൂർ പാറമേക്കാവ് മുതൽ ജില്ലാ അതിർത്തിയായ കല്ലുംപുറം വരെ 33 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന പാത റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പ്രവൃത്തിയിൽ വീഴ്ചവരുത്തിയ ആദ്യ കരാറുകാരെ അവരുടെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. റീടെൻഡറിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതുവരെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ ആധികാരികത ഉറപ്പാക്കി സാങ്കേതിക അനുമതി നൽകുന്നതിലും ടെൻഡർ ചെയ്യുന്നതിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിനെതുടർന്നാണ് നടപടി.