തൃശൂരിൽ ഇന്ന് പുലിക്കളി; ഒമ്പത് സംഘങ്ങളിലായി 450-ഓളം പുലികൾ സ്വരാജ് റൗണ്ടിൽ ചുവടുവെക്കും
ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് വിഖ്യാതമായ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ സ്വരാജ് റൗണ്ടിൽ ബിനി ജങ്ഷനിൽ മന്ത്രി ഒ. ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇത്തവണ 9 സംഘങ്ങളിലായി കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ 450-ഓളം പുലികളാണ് തെരുവിലിറങ്ങുന്നത്.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, പൂങ്കുന്നം സീതാറാം മിൽ, ചക്കാമുക്ക്, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നിവയാണ് ഇത്തവണത്തെ പുലിമടകൾ. ഇതിൽ ഒളരിക്കര ദേശം ഇതാദ്യമായാണ് പുലിക്കളിയിൽ പങ്കാളികളാകുന്നത്. ഓരോ സംഘത്തിലും 35 മുതൽ 51 വരെ കലാകാരന്മാരും, പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും, 25 മുതൽ 35 വരെ അംഗങ്ങളുള്ള വാദ്യമേള സംഘവും അണിനിരക്കും.
ഉച്ചയ്ക്ക് രണ്ട് മണിയോടെ വിവിധ ദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന പുലിക്കളി സംഘങ്ങൾ വൈകിട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തുമ്പോൾ രാത്രി 7.20-ഓടെ അയ്യന്തോൾ ദേശവും നഗരത്തിലെത്തും. മികച്ച പുലിക്കളി സംഘങ്ങൾക്കുള്ള സമ്മാനദാനവും വിധിനിർണ്ണയവും രാത്രി 10 മണിയോടെ പൂർത്തിയാകും.