'എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി തുടരട്ടെ'; ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണൻ

 

 


കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണൻ. കേരള ഗവർണറായി ആരിഫ് മുഹമ്മദ്‌ ഖാന് തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കിയത്. എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തിൽ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.

വീണ്ടും കേരള ജനതയ്ക്ക് മുന്നിൽ ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നില്‍ക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണെന്നും പ്രസംഗത്തിൽ തിരുവഞ്ചൂര്‍ പറഞ്ഞു.  കോട്ടയത്ത് ഗവർണർ കൂടി പങ്കെടുത്ത പരിപാടിയിൽ ആണ് തിരുവഞ്ചൂരിന്‍റെ പ്രസംഗം.കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനിടെയാണ് ഇന്നലെ നടന്ന പരിപാടിക്കിടെ തിരുവഞ്ചൂരിന്‍റെ ഗവര്‍ണറെ പുകഴ്ത്തിയുള്ള പരാമര്‍ശം. 


കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് കടന്നുപോകുന്നതിനിടെയും പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയുമാണ് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണറെ പുക്ഴത്തി രംഗത്തെത്തുന്നത്. അതേസമയം, പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി. ഗവർണർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. അദ്ദേഹം ചെയ്ത കാര്യങ്ങളിൽ കുറെയേറെ ശരികൾ ഉണ്ട്. ഒപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ട്.

ഭരണപരമായ ആധിപത്യം ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കണം. ഗവർണറുടെ പോസിറ്റീവ് കാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ്.  യോജിക്കാൻ കഴിയാത്ത കാര്യങ്ങളോട് വിയോജിപ്പ് അപ്പപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്.  ഗവർണർ തുടരുന്നു എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.