പത്മജയും പത്മിനിയും ബൂത്ത് കമ്മിറ്റിയിൽ പ്രവർത്തിക്കട്ടെ; കോൺഗ്രസിലേക്ക് തിരിച്ചുവരുന്നവർക്ക് പച്ചപരവതാനി വേണ്ടെന്ന് അലോഷ്യസ് സേവ്യർ
ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുവരാൻ തയ്യാറായ പത്മജ വേണുഗോപാലും പത്മിനി തോമസും ബൂത്ത് കമ്മിറ്റി തലത്തിൽ പ്രവർത്തിക്കട്ടെയെന്ന് കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കോൺഗ്രസിൽ തിരിച്ചുവരവുകളുടെ കാലമാണ്. ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം. പക്ഷേ അവര്‍ക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ് പ്രശ്നമെന്നും അദ്ദേഹം വിമർശിച്ചു.
ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചതും ആശയപരമായി പോരാടിയതും അധികാരമോഹം മൂലം പാർട്ടി മാറിയവർക്കു വേണ്ടിയല്ലെന്നും അലോഷ്യസ് പറഞ്ഞു. കോൺഗ്രസിൽ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം അവസാനിച്ചെന്ന് നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
പത്മജ കോൺഗ്രസിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിൽ ബിജെപിയിലേക്ക് പോയപ്പോൾ പാർട്ടിക്കെതിരെ നടത്തിയ പരാമർശങ്ങൾ തിരുത്തണമെന്നും കോൺഗ്രസ് പ്രവർത്തകരോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. തിരിച്ചെത്തുന്നവർക്ക് അധികാരത്തിന്റെ ശീതളതയോ പച്ചപരവതാനിയോ നൽകേണ്ടതില്ലെന്നും ബൂത്ത് തലം മുതൽ പടിപടിയായുള്ള പരിഗണനയാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്ത് വർഷമായി പാർട്ടിക്കായി പ്രവർത്തിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാ മേഖലകളിലും അർഹമായ പരിഗണന ലഭിക്കണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.