കേരളത്തിൽ തുലാവര്‍ഷം വരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

 

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതോടെ കേരളത്തിൽ തുലാവർഷത്തിന് തുടക്കമാകുന്നു. അടുത്ത 23 ദിവസത്തിനുള്ളിൽ മൺസൂൺ പൂർണ്ണമായി പിൻവാങ്ങുമെന്നും പിന്നാലെ തുലാവർഷം ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. ഒക്ടോബർ 16 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും വിവിധയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെയും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. മറ്റ് ജില്ലകളിൽ നിലവിൽ ഒക്ടോബർ 14 വരെ ഗ്രീൻ അലേർട്ടാണ് നൽകിയിട്ടുള്ളത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.