എൽഎൽബി പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതും

 

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയ രീതിയിൽ സമഗ്ര മാറ്റം. ഇനി ഓരോ ഉത്തരക്കടലാസും രണ്ട് അധ്യാപകർ വീതം മൂല്യനിർണയം നടത്തും. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

പരാതിയുള്ള വിദ്യാർഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കായി ഉത്തരക്കടലാസുകൾ വിട്ടുനൽകാനും തീരുമാനമായി. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മൂല്യനിർണയ രീതി മാറ്റുന്നത്.

നിലവിൽ പുനർമൂല്യനിർണയത്തിന് ഒരു ഉത്തരക്കടലാസിന് 850 രൂപയാണ് ഫീസ്. ചോദ്യപേപ്പറുകൾ മുൻകൂട്ടി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്ന രീതിയും ഒഴിവാക്കും. ഇനി ചോദ്യപേപ്പറുകൾ സർവകലാശാലകളിലേക്ക് ഓൺലൈനായി എത്തിക്കുന്ന രീതിയിലാകും.

ലോ കോളേജുകളിൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കാനും കേരള സർവകലാശാല നീക്കം തുടങ്ങി. പരീക്ഷാ നടപടികൾ ഡിജിറ്റലാക്കുന്ന കെ-റീപ്പ് സോഫ്റ്റ്വെയറിൽ നിന്ന് പിന്മാറുന്നതും പരിഗണനയിലാണ്.