ലോക്സഭാ തെരഞ്ഞടുപ്പ്; സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി, തൃശൂരില്‍ വി എസ് സുനില്‍കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും പരിഗണനയിൽ
Feb 4, 2024, 17:29 IST
ലോക്സഭാ തെരഞ്ഞടുപ്പിനുള്ള സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി. തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും പരിഗണിക്കും.വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്. ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും.
തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ പട്ടിക പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധി ഉള്ളതുകൊണ്ട് തന്നെ ദേശീയ ശ്രദ്ധയുള്ള വയനാട്ടില്‍ ഒരു ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശശി തരൂര്‍ തിരുവനന്തപുരത്തുണ്ടാകുന്നതിനാല് ജനകീയ നേതാവെന്ന നിലയാണ് സിപിഐ പാര്‍ട്ടിക്കും നാടിനും ജനകീയനായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നത്. പ്രാദേശിക തലത്തില്‍ ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.