പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി.ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന VB-G RAM G എന്ന പുതിയ ബില്ലാണ് ലോക്‌സഭയിൽ പാസാക്കിയത്. ഇനി ബില്ല് രാജ്യസഭയിലേക്ക് വിടും. ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു.ലോക്സഭ നാളത്തേക്ക് പിരിഞ്ഞു.
പുതിയ ബില്ല് ജനവിരുദ്ധമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. പ്രതിഷേധത്തിനിടെ യുഡിഎഫ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ മേശപ്പുറത്ത് കയറി.തൊഴിലുറപ്പ് ഭേദഗതി ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസമായി സഭയിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇന്നലെ രാത്രി 1:45 വരെയാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ച മുന്നോട്ട് പോയത്. 98 അംഗങ്ങളാണ് ബില്ലിന് മേൽ സംസാരിച്ചത്. ഇതിന്റെ മറുപടിയായിരുന്നു ഇന്ന് വെച്ചിരുന്നത്. ഇന്ന് രാവിലെ 11:30 ഓടെ കൃഷി lമന്ത്രിയുടെ മറുപടി ആരംഭിച്ചു.മറുപടി ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ബില്ല് കീറിയെറിഞ്ഞു. ഈ പ്രതിഷേധത്തിനിടയിലാണ് ഇതെല്ലം അവഗണിച്ച് സർക്കാർ ബില്ല് പാസാക്കിയത്.