കേരളത്തിൽ ദീർഘ വ്യവസായ ഇടനാഴി കൊണ്ടുവരും: പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവോണ ദിനത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി കേരളത്തിൽ ദീർഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചായിരിക്കും വ്യവസായ ഇടനാഴി നിർമിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
ദുബായ്-അബുദാബി റോഡിന് സമാനമായ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള വ്യവസായ ഇടനാഴിയാണ് ലക്ഷ്യമിടുന്നത്. പുതിയ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വ്യവസായ മേഖലകൾ വികസിപ്പിക്കും. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ചായിരിക്കും ഇത്തരം മേഖലകൾ രൂപീകരിക്കുക.
ചൈനയിലെ മാതൃകയിൽ ചെറുകിട വ്യവസായങ്ങളിലൂടെ നിർമിക്കുന്ന കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ലോകവിപണിയിലെത്തിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വ്യവസായ മേഖലകളിൽ പ്രാധാന്യം നൽകും.
അന്താരാഷ്ട്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതികവിദ്യയും വ്യവസായങ്ങളും കേരളത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് കൊച്ചി വ്യവസായ ഇടനാഴിക്കും കണ്ണൂർ വിമാനത്താവളത്തിന് സമീപത്തെ വ്യവസായ മേഖലയ്ക്കും സമാനമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക വ്യവസായ മേഖലകൾ ഒരുക്കും. വ്യവസായ പാർക്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്ന മെഗാ വ്യവസായ മേഖലകൾ വികസിപ്പിച്ച് അതിന്റെ സാമ്പത്തിക നേട്ടം സാധാരണക്കാരിലേക്കും എത്തിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളും പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്തും. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.