പാലക്കാട്ട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
Jul 17, 2026, 17:02 IST
പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയത്.കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടെ ഐ.എം.എ പ്ലാന്റിലേക്ക് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.