ന്യൂനമർദ പാത്തി രൂപപ്പെട്ടു; സംസ്ഥാനത്ത് കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂലൈ 14 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യകിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ മുതൽ 3.1 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് നിലവിലെ മഴയ്ക്ക് കാരണം. അതേസമയം, മധ്യ ഉത്തർപ്രദേശിന് മുകളിലുള്ള ന്യൂനമർദ മേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കുറയാൻ സാധ്യതയുണ്ടെന്നും ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലെ ന്യൂനമർദ പാത്തി ദുർബലമായതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴയോടൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.