ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ട് ഗേറ്റില്‍ തടഞ്ഞെന്ന് എൽപിഎസ്ടി സമരസമിതി നേതാവ്; അനുപാതത്തിൽ പുതിയ ഫോർമുലയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ചർച്ചയ്ക്കായി മന്ത്രിയുടെ ഓഫീസ് വിളിച്ചുവരുത്തിയിട്ടും സെക്രട്ടേറിയറ്റ് ഗേറ്റിൽ തടഞ്ഞെന്ന് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരസമിതി നേതാവ് വളർമതി. ചർച്ചയ്ക്ക് എത്താൻ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അകത്തേക്ക് കടത്തിവിടാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതായും വളർമതി പറഞ്ഞു. ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ് എത്തിയ തന്നോടാണ് ഇത്തരമൊരു നടപടിയെന്നും അവർ ആരോപിച്ചു.അതേസമയം, വളർമതി വെയിറ്റിങ് റൂമിൽ ഇരിക്കുകയാണെന്നും ചർച്ചയ്ക്കുള്ള സമയം അറിയിച്ചിരുന്നില്ലെന്നും മറ്റ് സമരക്കാർ വ്യക്തമാക്കി. വെയിറ്റിങ് റൂമിൽ കാത്തിരിക്കാൻ മാത്രമാണ് നിർദേശിച്ചതെന്നും അവർ പറഞ്ഞു. ഇതിനിടെ എൽപിഎസ്ടി ഉദ്യോഗാർഥികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും സന്നദ്ധമാണ്. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ, സാമ്പത്തിക ബാധ്യതയാണ് പ്രധാന പ്രതിസന്ധിയെന്നും നിലവിലെ ഉറപ്പുകൾ നടപ്പാക്കുമ്പോൾ തന്നെ 25 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിന് പുതിയ ഫോർമുല നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ ധനവകുപ്പ് മന്ത്രിസഭയിൽ എതിർത്തതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ധനവകുപ്പിന്റെ എതിർപ്പ്.