നഷ്ടപരിഹാരത്തുകയിൽനിന്ന് പണം തട്ടി; മഹിളാ കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം
ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ 70,000 രൂപ തിരികെ നൽകിയെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. ബാക്കി തുക ഡിസംബർ 20നകം കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു
പെൺകുട്ടിയുടെ കുടുബം വളരെ മോശം സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണ് അവരെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. ആരോപണ വിധേയനായ വ്യക്തിയോട് തൽക്കാലം അഡ്വാൻസ് തുക നൽകാനും പിന്നീട് താൻ അത് തരാമെന്നുമാണ് എംഎൽഎ പറഞ്ഞത്. എന്നാൽ ആരോപണവിധേയൻ പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരിൽനിന്ന് 20,000 രൂപ അഡ്വാൻസ് നൽകാൻ വേണമെന്ന് പറഞ്ഞ് വാങ്ങിച്ചു.
പിന്നീട് എംഎൽഎ ഈ തുക ആരോപണവിധേയനു നൽകിയെങ്കിലും അതു തിരികെ പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. പിന്നീട് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് ആവശ്യപ്പെട്ടിട്ടു തുടർച്ചയായി ആറു ദിവസം ഇവർ 20,000 രൂപവീതം ആരോപണവിധേയനു നൽകി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ അയാൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.