മേജർ രവിയുടെ 'പച്ചക്കറി മാർക്കറ്റ്' പരാമർശം വിവാദത്തിൽ; പരസ്യമായി മാപ്പ് പറയണമെന്ന് വ്യാപാരികൾ
നടനും സംവിധായകനുമായ മേജർ രവിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി കേരള വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷൻ. "ഞാൻ ഇറങ്ങിവന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല" എന്ന അദ്ദേഹത്തിന്റെ പരാമർശമാണ് കച്ചവടക്കാരെ ചൊടിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു തൊഴിൽ മേഖലയെ നിസാരവത്കരിക്കുകയും അപമാനിക്കുകയും ചെയ്ത മേജർ രവി പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കവേയായിരുന്നു മേജർ രവിയുടെ ഈ പ്രതികരണം. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യാപാരികൾ വ്യക്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന തരത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.