കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

 

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ രോഗബാധ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ ഇയാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.ചുമട്ടുതൊഴിലാളിക്കാണ് രോ​ഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി ശക്തമായ ഇയാൾക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് രോഗബാധിതൻ താമസിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആരുടെയെങ്കിലും വഴി രോഗം പടർന്നിരിക്കാമെന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം തിക്കോടിയിലും മലേറിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയാണ് രോഗബാധിതൻ. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.