മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശിക്കും
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് വൈകിട്ട് കോഴിക്കോട് സന്ദർശിക്കും. കാരന്തൂർ മർകസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ പ്രഥമ 'എക്‌സലൻസ് അവാർഡ്' കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങും. രാത്രി 7.30 മുതൽ 9.30 വരെയാണ് മർകസിലെ ചടങ്ങ്.
തുടർന്ന് മടവൂർ സി.എം മഖാമിൽ സന്ദർശനം നടത്തുന്ന അദ്ദേഹം രാത്രി 10 മണിയോടെ മടങ്ങും. പ്രമുഖ വി.വി.ഐ.പിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് മുതൽ നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്, കൊടുവള്ളി, മുക്കം, കണ്ണൂർ, യൂണിവേഴ്സിറ്റി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ പുറപ്പെടണമെന്നും പോലീസിന്റെ ഗതാഗത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.