മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം

 

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് അഞ്ച് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം - മടവൂർ വരെയുമുള്ള റോഡുകളിൽ വൈകിട്ട് 5 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് റൂട്ട് മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താമരശ്ശേരി-ബാലുശ്ശേരി വഴിയും കൊടുവള്ളിയിൽ നിന്നുള്ള വാഹനങ്ങൾ പടനിലം-പെരിങ്ങളം വഴിയും കോഴിക്കോട്ടേക്ക് പോകണം. കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എലത്തൂർ-നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ളവ ഇടിമൂഴിക്കൽ-ഫറോക്ക് വഴിയും തിരിച്ചുവിടും. കോഴിക്കോട്, മലാപ്പറമ്പ് ഭാഗങ്ങളിൽ നിന്ന് കുന്ദമംഗലത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടിക്കൽ താഴം-കോട്ടാംപറമ്പ് വഴി പോകേണ്ടതാണ്.

മലാപ്പറമ്പ്-മടവൂർ റോഡിൽ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ട്. വി.വി.ഐ.പി കടന്നുപോകുന്ന സമയത്ത് ഗതാഗതം പൂർണമായി തടയുമെന്നും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ സമയബന്ധിതമായി മുൻകൂട്ടി പുറപ്പെടണമെന്നും പോലീസ് നിർദേശിച്ചു.