കുട്ടികർഷകരുടെ പശുക്കൾ ചത്ത സംഭവം; ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്ത്

 

ഇടുക്കിയിൽ വിഷബാധയേറ്റ് കുട്ടികർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ സഹായവുമായി സിനിമാലോകം. നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കർഷകൻ മാത്യു മാധ്യമങ്ങളോട് പറഞ്ഞു. 

പശുവളർത്തൽ കൂടുതൽ ഊർജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേർത്തു. മുൻ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി മാറ്റിവച്ച പണമാണ് ജയറാം നൽകിയത്. അദ്ദേഹം കുട്ടികളെ നേരിൽക്കണ്ടാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൃഷി തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

'ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സർക്കാരിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങൾക്കുണ്ടായ ഇതേ അനുഭവം ആറ് വർഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കൾ ചത്തതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.' ജയറാം പറഞ്ഞു.