ആറ്റിങ്ങലിൽ ഭാര്യയ്ക്കും രണ്ടര വയസുകാരനും നേരെ യുവാവിന്റെ ക്രൂര മർദനം
തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് സംഭവത്തിൽ യുവാവിനെതിരെ കേസടുത്ത് പൊലീസ്.അയിലം സ്വദേശി സജിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ സജി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചുവെന്നാണ് പരാതി. കുഞ്ഞിന്റെ തല ചുമരിലിടിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റതായി പരാതിയിൽ പറയുന്നു.വീട്ടിലുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും സജി മർദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ നാല് വർഷമായി സ്ത്രീധനം കുറഞ്ഞുവെന്നും സൗന്ദര്യം കുറഞ്ഞുവെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതി ആരോപിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.