വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

 

വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. സാബുവിന്റെ വീടിനു 20 മീറ്റർ അടുത്തുവെച്ച് ഇന്നലെ രാവിലെ 10.15നാണ് കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാറിൽ തീപടരുകയും, മിനിറ്റുകൾക്കകം കാർ പൂർണമായി കത്തിനശിക്കുകയുമായിരുന്നു. കാറിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.

സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേർന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. 70 ശതമാനത്തോളം പൊള്ളലുണ്ടായിരുന്ന സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ്.