മണപ്പുറം ഗ്രൂപ്പ് തട്ടിപ്പ് കേസ്; മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു
മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നൽകിയ നിർദേശത്തെ തുടർന്നാണ് ധന്യ ഇന്ന് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്.
മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ച് വർഷത്തിനിടെ ധന്യ മോഹൻ ഏകദേശം 20 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്ത പണം ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്കായാണ് തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടാതെ സാമ്പത്തിക ഇടപാടുകളിൽ കുഴൽപ്പണ ബന്ധമുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
നേരത്തെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഒളിവിൽ പോയ ധന്യ മോഹൻ പിന്നീട് കൊല്ലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്.