തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് സ്ഥാനമൊഴിയാൻ മാർ ആൻഡ്രൂസ് താഴത്ത്; ജനുവരിയിൽ പുതിയ ചുമതലയേറ്റേക്കും
തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് സ്ഥാനമൊഴിയാൻ മാർ ആൻഡ്രൂസ് താഴത്ത് രാജിക്കത്ത് സിനഡിന് കൈമാറി. പ്രായപരിധി മാനദണ്ഡം അനുസരിച്ച് 75 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മെത്രാന്മാർ രാജി സമർപ്പിക്കേണ്ടതുണ്ട്. അടുത്ത ജനുവരിയിൽ ചേരുന്ന സിനഡിൽ പുതിയ ആർച്ച് ബിഷപ്പിനെ തീരുമാനിക്കും. സഹായമെത്രാൻ മാർ ടോണി നീലംകാവിലിനെ പുതിയ ആർച്ച് ബിഷപ്പായി പരിഗണിക്കാൻ സാധ്യതയുണ്ട്.
ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾ ഈ മാസം 30-ന് നടക്കും.
2004 മുതൽ 2007 വരെ സഹമെത്രാനായിരുന്ന അദ്ദേഹം തുടർന്നാണ് ആർച്ച് ബിഷപ്പായി ചുമതലയേറ്റ് തൃശ്ശൂർ അതിരൂപതയെ നയിച്ചത്. സി.ബി.സി.ഐ പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാൻ സമിതി ജനറൽ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നീ സുപ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. തൃശ്ശൂർ പുതുക്കാട് സ്വദേശിയായ മാർ ആൻഡ്രൂസ് താഴത്ത് പരസ്ത്യസഭാ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.