രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; ജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്ന് കെ.കെ. രാഗേഷ്
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നിൽ കണക്കുകൾ അവതരിപ്പിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്നും രാഗേഷ് ആരോപിച്ചു. പുസ്തകപ്രകാശനത്തിൽ ആർഎംപിയുമായി ബന്ധപ്പെട്ടവരും പങ്കെടുത്തിരുന്നു. ഇടതുപക്ഷത്തിന്റെ ലേബൽ ഉപയോഗിച്ച് പലരും പരിപാടിയിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണെന്നും, പക മൂർച്ഛിച്ച് അന്ധതയിലേക്കെത്തിയ നിലയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.രക്തസാക്ഷി ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ലെന്നും ജനങ്ങൾക്ക് മുന്നിലാണ് കണക്കുകൾ വ്യക്തമാക്കുകയെന്നും ആവർത്തിച്ചു.