മാസപ്പടി കേസ്: വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണം ; പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീം കോടതിയിൽ
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരേ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെ വെള്ളിയാഴ്ച കേസ് പരിഗണിക്കില്ലെന്നാണ് വിവരം.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയനടക്കമുള്ള പ്രതികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളെ കേൾക്കേണ്ടതില്ലെന്നും ഇത് അവരുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.