കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ; ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകും
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ സർക്കാർ ഇടപെടൽ ഫലം കണ്ടു. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായതായി മന്ത്രി അറിയിച്ചു. ജീവനക്കാരുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി.
പന്ത്രണ്ട് ശതമാനം ആളുകളെ മറ്റ് സ്ഥാപനങ്ങളിലേക്ക് ക്രമീകരിക്കാം എന്ന് കമ്പനി അറിയിച്ചു. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉള്ളതിനാല്‍ ആ നിര്‍ദ്ദേശം നിരസിച്ചുവെന്നും മന്ത്രി പറഞ്ഞു. അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചക്കുള്ളില്‍ നല്‍കും. നേരത്തെ നല്‍കിയ രണ്ടുമാസം കൂടാതെയാണ് ഇത്. കൂടാതെ മറ്റ് സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനാവശ്യമായ എല്ലാ രേഖകളും നൽകുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് രേഖകൾ തുടങ്ങിയവയും ലഭ്യമാക്കും. ലേബർ കമ്മീഷണറും സ്പെഷ്യൽ സെക്രട്ടറിയും അടക്കമുള്ള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.