പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; 71 കിലോയിലധികം കഞ്ചാവ് പിടികൂടി

 

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞമായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരാണ് അറസ്റ്റിലായത്. ആർ.പി.എഫ് ക്രൈം വിംഗ്, ആർ.പി.എഫ് പാലക്കാട് യൂണിറ്റ്, പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുകളുമായി കണ്ട സംഘത്തെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ബാഗുകളിൽനിന്നാണ് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്.

ആർ.പി.എഫ് പാലക്കാട് ഇൻസ്‌പെക്ടർ ഗിരീഷ് സി., എക്‌സൈസ് ഇൻസ്‌പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.