ജയിൽ അന്തേവാസികളുടെ വേതനത്തിൽ വൻ വർധന; ജയിൽ മേധാവിയുടെ ശിപാർശ അംഗീകരിച്ചു

 

കേരളത്തിലെ ജയിൽ അന്തേവാസികളുടെ വേതനത്തിൽ വൻ വർധന ജയിൽ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു.ഏഴ് വർഷത്തിന് ശേഷമാണ് വേതനം കൂട്ടുന്നത്. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് വർധന. സ്‌കിൽഡ് ജോലിയിൽ 620രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. .നേരത്തെ ഇത് 63 രൂപ മുതൽ 230 രൂപവരെയായിരുന്നു.

ജയിൽ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇതിനകം വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും, തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം അവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സമ്പാദ്യം ഉറപ്പാക്കുന്നതിനും വർധനവ് അനിവാര്യമാണെന്നും ജയിൽ മേധാവിയുടെ ശിപാർശയിൽ പറയുന്നു.സംസ്ഥാനത്തെ ജയിലുകളിൽ ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളിൽ പൊതുവെ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ-സ്‌കിൽഡ് എന്നിങ്ങനെയാണ് വേതന ഘടന തരംതിരിച്ചിട്ടുള്ളത്.