ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ഡോ. ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

 

സംസ്ഥാനത്ത് ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കി സർവീസിൽ തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഏകദേശം അൻപതോളം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് തിങ്കളാഴ്ച സർക്കാർ മാറ്റം വരുത്തിയത്.

സ്‌പെഷ്യൽ സെക്രട്ടറി റാങ്കിന് തുല്യമായ ലാൻഡ് റവന്യൂ കമ്മീഷണർ, അഡീഷണൽ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിങ്ങനെ ഒരുവർഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സർക്കാർ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തേക്ക് ദിവ്യ എസ്. അയ്യരെ നിയമിച്ചു. എച്ച്. ദിനേശനാണ് പുതിയ ലാൻഡ് റവന്യൂ കമ്മീഷണർ.

പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:

അഡീഷണൽ ചീഫ് സെക്രട്ടറിമാർ:

  • ബിശ്വനാഥ് സിൻഹ: ആഭ്യന്തര, വിജിലൻസ്, ജലവിഭവ വകുപ്പുകൾക്ക് പുറമെ കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി.
  • കെ.ആർ. ജ്യോതിലാൽ: ധനകാര്യ വകുപ്പിനൊപ്പം പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കും.
  • മിൻഹാജ് ആലം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്നും കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. സ്‌പോർട്‌സ്, യുവജനക്ഷേമം എന്നിവയുടെ അധിക ചുമതലയുമുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും:

  • ഡോ. ഷർമിള മേരി ജോസഫ്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്.
  • ഡോ. രത്തൻ യു. ഖേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിക്ക് പുറമെ പി.ആർ.ഡി (PRD), കോസ്റ്റൽ ഷിപ്പിംഗ്, മുതിർന്ന പൗരന്മാരുടെ ക്ഷേമം എന്നിവയുടെ അധിക ചുമതല.
  • ബിജു കെ: പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി മാറ്റി. ടൂറിസം, ജി.എ.ഡി (GAD) അധിക ചുമതലകളിൽ തുടരും.

സ്‌പെഷ്യൽ സെക്രട്ടറിമാർ:

  • എൻ. പ്രശാന്ത്: സ്‌പോർട്‌സ് സ്‌പെഷ്യൽ സെക്രട്ടറി. യുവജനക്ഷേമം, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതല.
  • സുഹാസ് എസ്: ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി.
  • ഡോ. ഡി. സജിത് ബാബു: പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്.

മറ്റ് പ്രധാന നിയമനങ്ങൾ:

  • എം.ജി. രാജമാണിക്കം: കെ.എസ്.ഇ.ബി (KSEB) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ.
  • സ്‌നേഹിൽ കുമാർ സിംഗ്: പൊതുവിദ്യാഭ്യാസ ഡയറക്ടർ.
  • അഫ്‌സാന പർവീൺ: കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (പ്രവേശന പരീക്ഷാ കമ്മീഷണറുടെ അധിക ചുമതല).
  • ശ്രീധന്യ സുരേഷ്: ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.
  • അനു എസ്. നായർ: നാഷണൽ ഹെൽത്ത് മിഷൻ (NHM) ഡയറക്ടർ.
  • ഹർഷിൽ ആർ. മീന: കെ.ടി.ഡി.സി (KTDC) എം.ഡി.