പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; മൂന്നംഗ സംഘം കടന്നുകളഞ്ഞു

 

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച. തോക്കുമായെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കവർച്ചയ്ക്ക് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവസമയത്ത് രണ്ട് സെയിൽസ് ഗേൾസ് മാത്രമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. കടയിലെത്തിയ സംഘം ഹിന്ദിയിൽ ചെയിൻ ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ കടയുടമയെ വിവരമറിയിച്ചു.

തുടർന്ന് പിന്നിലൂടെ കടയിലെത്തിയ സംഘം തോക്കെടുത്ത് ഒരു തവണ വെടിയുതിർത്തു. രണ്ടുപേരുടെ കൈയിൽ കത്തിയുമുണ്ടായിരുന്നു. ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കവർച്ചാസംഘത്തിലെ ചിലർക്ക് പരിക്കേറ്റതായും കടയുടമ സനാത് പറഞ്ഞു.

സംഭവമറിഞ്ഞ് കോട്ടായി പൊലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.