മാത്യു അച്ചാടൻ അന്തരിച്ചു; എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ജീവിതം തിരിച്ചുപിടിച്ച കേരളത്തിലെ ആദ്യത്തെയാൾ

 

കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (57) അന്തരിച്ചു. ഇന്ന് പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. പത്ത് വർഷം മുൻപ് നടന്ന ചരിത്രപ്രധാനമായ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ മാത്യു അച്ചാടൻ കേരളത്തിന്റെ ആരോഗ്യരംഗത്തെ വലിയൊരു മാറ്റത്തിന്റെ പ്രതീകമായി മാറിയിരുന്നു.

ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കൽ അല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് 'പുനർജനി' പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അഡ്വ. എസ്. നീലകണ്ഠ ശർമ്മയുടെ മസ്തിഷ്കമരണം സംഭവിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനായി ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് വഴി എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. എയർ ആംബുലൻസ് ഉപയോഗിച്ചുള്ള ഈ ദൗത്യവും ശസ്ത്രക്രിയയുടെ വിജയവും അന്ന് ദേശീയതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം പത്ത് വർഷത്തോളം ആരോഗ്യവാനായി ജീവിച്ച മാത്യു, തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത്. സമാനമായ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്ക് ആത്മധൈര്യം പകരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ബിന്ദുവാണ് ഭാര്യ. അമൽ (കാനഡ), അന്ന (ജർമ്മനി) എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.