കടുവകളുടെ ഇണചേരല്‍ക്കാലം; കാടുവിട്ട് പുറത്തിറങ്ങും: അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

 

ഇത് കടുവകളുടെ ഇണചേരൽക്കാലമാണ്. നവംബർ മുതൽ നാല് മാസക്കാലമാണ് കടുവകളുടെ ഇണചേരൽക്കാലം. ഈ സമയത്താണ് കടുവകൾ പൊതുവേ കാടുവിട്ട് പുറത്തേക്കിറങ്ങുന്നത്. ഓരോ ആൺകടുവയ്ക്കും സ്വന്തം സാമ്രാജ്യമുണ്ടാകും. മരങ്ങളിൽ നഖമുരച്ചുണ്ടാക്കാറുള്ള പോറലുകൾ വഴിയും മൂത്രമൊഴിച്ചും സാമ്രാജ്യത്തിന്റെ അതിർത്തികൾ അടയാളപ്പെടുത്തും.

ഓരോ കടുവയ്ക്കും വലിയ പ്രദേശം വേണം ഇരതേടാൻ. ഇണചേരൽ കാലത്തുമാത്രമേ കടുവകൾ സ്വന്തം സാമ്രാജ്യംവിട്ട് പുറത്തേക്കിറങ്ങൂ. ഇണയെത്തേടിയുള്ള യാത്രയിൽ, മറ്റൊരു ആൺ കടുവയുടെ സാമ്രാജ്യത്തിലേക്ക് കയറിയാൽ യുദ്ധം ഉറപ്പാണ്. ഒരു ആൺകടുവയുടെ സാമ്രാജ്യത്തിലേക്ക് മറ്റ് ആൺകടുവകൾക്ക് എത്തണമെങ്കിൽ അവിടെയുള്ള ആണിനെ കീഴ്‌പ്പെടുത്തണം.

ഇങ്ങനെ കീഴ്‌പ്പെട്ട്, പരിക്കേറ്റ് പുറത്താവുന്ന ആൺകടുവകൾ ആയാസമില്ലാതെ ഇര ലഭിക്കുന്ന മേഖലകളിലേക്ക് വാസം മാറ്റും. ഇങ്ങനെ ഇണയ്ക്കായും സാമ്രാജ്യത്തിനായുമുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് പുറന്തള്ളപ്പെടുന്ന കടുവകളാണ് അധികവും നാട്ടിലെത്തുന്നത്.

മാനന്തവാടിയിലെ കുറുക്കന്മൂല, ബത്തേരിയിലെ ബീനാച്ചി, മന്തംകൊല്ലി, ചീരാൽ, വടക്കനാട്, മൂലങ്കാവ്, തേലമ്പറ്റ എന്നിവിടങ്ങളിലെല്ലാം കടുവകളിറങ്ങിയത് ഈ മാസങ്ങളിലാണ്. ആരോഗ്യമുള്ള കടുവ പൊതുവേ കാടിറങ്ങാറില്ല. പരിക്കുകൾക്ക് പുറമേ വാർധക്യത്താലും ഇരതേടാൻ വിഷമമുള്ള കടുവകൾ കാടുകളിൽനിന്ന്‌ പുറത്തിറങ്ങി ആടുമാടുകളെ ഭക്ഷണമാക്കും.

കടുവകളുടെ ആയുസ്സ് സാധാരണഗതിയിൽ 15 വയസ്സുവരെയാണ്. പ്രായമേറുന്തോറും കടുവകൾ എളുപ്പത്തിൽ വീഴ്ത്താവുന്ന ഇരകളിലേക്ക് തിരിയും. അതിലൊന്നാണ് കന്നുകാലികൾ. കാഴ്ച ശക്തി കുറയുന്നതും കടുവകളെ മനുഷ്യവാസമേഖലകളോട് അടുപ്പിക്കും. ഇണചേരൽക്കാലത്തൊഴിച്ച് കടുവകളെ ജോഡികളായി കാണില്ല. ഒറ്റയ്ക്കാണ് ഇരതേടൽ. ഒറ്റയിരിപ്പിൽ മുപ്പതുകിലോ മാംസംവരെ തിന്നും. പിന്നെ രണ്ടുമൂന്നുദിവസം ഭക്ഷണം വേണ്ടാ. രാത്രിയിലും ഇരതേടും. കൊന്ന ഇടത്തുവെച്ചുതന്നെ ഇരയെ തിന്നുന്ന പതിവില്ല.

വലിച്ച് മാറ്റിവെക്കും. കടുവക്കുഞ്ഞുങ്ങൾ യൗവനത്തിലേക്ക് കടക്കുമ്പോൾ അമ്മയെവിട്ട് പുതിയ വേട്ടപ്രദേശങ്ങൾ തേടിപ്പോകും. ഇങ്ങനെ വരുന്ന പുതിയ കടുവകളും പരിക്കുപറ്റി സ്വന്തം സാമ്രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ടവരും കാടതിർത്തികളോട് ചേർന്ന് ജീവിക്കാനാരംഭിക്കും.

അതിർത്തിഗ്രാമങ്ങളിലെ വനത്തിന് സമാനമായ തോട്ടങ്ങളടക്കം കടുവകൾ തങ്ങളുടെ സാമ്രാജ്യമാക്കിയെടുക്കും. അവിടെ എളുപ്പത്തിൽ വളർത്തുമൃഗങ്ങളെ തിന്നാൻകിട്ടും. വയനാട്ടിലെ കാടുകൾക്ക് ഉൾക്കൊള്ളാനാവുന്നതിലും ഏറെ കടുവകൾ ഇപ്പോഴുണ്ടെന്നും കാട്ടുപോത്തും മാനും ഉൾപ്പെടെ ആവശ്യത്തിന് ഇരകളുള്ളതിനാൽമാത്രമാണ് വലിയ തലവേദന ആകാത്തതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്.