മാവേലിക്കര പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ച സംഭവം; ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലം സന്ദർശിക്കും

 

മാവേലിക്കര കീച്ചേരിക്കടവിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. പൊതുമരാമത്ത് വിഭാഗം ജില്ലാ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.കഴിഞ്ഞ തിങ്കളാഴ്ചയാണ് മാവേലിക്കര കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരണപ്പെട്ടത്.

സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മരാമത്ത് വിജിലൻസ് വിഭാഗത്തോട് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു.റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുക. അതേസമയം പാലം നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ പരിശോധനയിൽ വ്യക്തമാവുമെന്നാണ് കരുതുന്നത്.