മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ ഉറപ്പ്

 

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തിവന്ന സമരം താൽക്കാലികമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് സമരം നീട്ടിവെച്ചിരിക്കുന്നത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാമെന്നും സർക്കാർ ചർച്ചയിൽ ഉറപ്പുനൽകി.

കഴിഞ്ഞ 17 ദിവസമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സമരത്തിലായിരുന്നു. രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സമരപരിപാടികൾ താൽക്കാലികമായി മാറ്റിവെക്കുന്നതെന്ന് കെജിഎംസിടിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒ.പി സേവനം, അധ്യാപനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് ഉണ്ടാകില്ല. ഡോക്ടർമാർ നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു.

നൽകിയ ഉറപ്പുകൾ പാലിച്ച് ഒരാഴ്ചയ്ക്കകം സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.