മേപ്പാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്
വയനാട് മേപ്പാടി-കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, നിലവിൽ സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും വേഗത്തിൽ പുറത്തെടുക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് സൗജന്യവും വിദഗ്ദ്ധവുമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
മേപ്പാടിയിലുണ്ടായ ഈ അപകടം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പിണറായി വിജയൻ പറഞ്ഞു. നിലവിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമാണ് മുൻഗണന നൽകേണ്ടത്. അതേസമയം, തുരങ്കപാത നിർമ്മാണ മേഖലയിലെ ഈ ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് ഗൗരവപൂർവ്വം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.