മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: റിപ്പോർട്ടർ കമ്പനിക്ക് 56.32 കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ്

 

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (RBC) 56.32 കോടി രൂപയുടെ നോട്ടീസ് അയക്കാൻ ഒരുങ്ങി ജി.എസ്.ടി വകുപ്പ്. നികുതി കുടിശ്ശിക, പലിശ, പിഴ എന്നിവ ഉൾപ്പെടുന്ന തുകയാണിത്. ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഉടൻ തന്നെ നോട്ടീസ് കൈമാറും.

അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകിയ വിദേശ പണമിടപാടുകളിൽ റിവേഴ്സ് ചാർജ് മെക്കാനിസം (RCM) പ്രകാരം ഐ.ജി.എസ്.ടി അടച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഇനത്തിൽ 22.68 കോടിയും, വിദേശ നിയമോപദേശകർക്ക് നൽകിയ ഇടപാടുകളിൽ 34.15 ലക്ഷവും ഉൾപ്പെടെ ആകെ 25.78 കോടി രൂപയുടെ പ്രാഥമിക നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കൂടാതെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട് എടുത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ (ITC) 2.75 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതോടെ കമ്പനിയുടെ ആകെ ബാധ്യത ഏകദേശം 60 കോടി രൂപയോളമാകും.

അതേസമയം, മെസ്സിയോ അർജന്റീന ടീമോ കേരളത്തിൽ എത്തിയിട്ടില്ലെന്നും സേവനം പൂർണ്ണമായി ലഭിക്കാത്തതിനാൽ ഈ നികുതി ബാധ്യത നിലനിൽക്കില്ലെന്നുമാണ് കമ്പനിയുടെ വാദം. ജി.എസ്.ടി വകുപ്പിന്റെ കണ്ടെത്തലുകളെ കമ്പനി നിയമപരമായി ചോദ്യം ചെയ്തേക്കും.