മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: സാങ്കേതിക തകരാറെന്ന് മെറ്റ; സൈബർ പൊലീസിന് വിശദീകരണം നൽകി

 

മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എ.ഐ (AI) സിസ്റ്റത്തിൽ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ ഇടപെടൽ മൂലമല്ലിതെന്നും കമ്പനി വ്യക്തമാക്കി.

സർക്കാരിന്റെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന ആരോപണം കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. വിമർശനങ്ങൾ മുക്കാൻ ഇടപെട്ടിട്ടില്ലെന്നും വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചതിനെ തുടർന്നാണ് സൈബർ പൊലീസ് മെറ്റയോട് വിശദീകരണം തേടിയത്.

സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് റിപ്പോർട്ടർ ടി.വി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകൾ ഘട്ടംഘട്ടമായി മെറ്റ പുനഃസ്ഥാപിച്ചു തുടങ്ങി. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ആൾ അറസ്റ്റിലായ വാർത്ത, മത്സ്യത്തൊഴിലാളിയുടെ മകൾ മുഖ്യമന്ത്രിയെ വിമർശിച്ച വാർത്ത തുടങ്ങിയവയാണ് പ്രധാനമായും അപ്രത്യക്ഷമായിരുന്നത്. വരും മണിക്കൂറുകളിൽ ബാക്കി പോസ്റ്റുകൾ കൂടി ലഭ്യമാകുമെന്നാണ് വിവരം.