മൈക്രോ ഫിനാൻസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അന്വേഷണ ചുമതലയുള്ള എസ്.പി. എസ്. ശശിധരനോടാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെയും അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എം എൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാന്‍റ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
2016ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.