'മിൽമ വാർഷിക സമ്മാനം' വ്യാജൻ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പ്
സോഷ്യൽ മീഡിയ വഴി മിൽമയുടെ പേരിലിറങ്ങിയ സമ്മാന പദ്ധതികളുടെ വ്യാജ ലിങ്കുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ വാട്സ്ആപ്പിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങളും ലിങ്കുകളും പൂർണ്ണമായും വ്യാജമാണെന്ന് മിൽമ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ കൈമാറിയ ചിലർക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മിൽമയുടെ അടിയന്തര ഇടപെടൽ.
ജനപ്രിയ ബ്രാൻഡിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. സൈബർ തട്ടിപ്പിന് പിന്നിലുള്ള ലിങ്കുകൾ സോഷ്യൽ മീഡിയയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മിൽമ അധികൃതർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
വിവിധ ഗ്രൂപ്പുകളിലൂടെയും വ്യക്തികളിലൂടെയും ഈ സന്ദേശം അതിവേഗം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മിൽമ സ്വന്തം ഔദ്യോഗിക പേജിലൂടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഉപഭോക്താക്കൾ ഇത്തരം വ്യാജ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.