പാൽക്കുപ്പി കരാറിൽ മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; രണ്ടാം ടെൻഡറിന് വിലക്ക്
പാൽക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോയ മിൽമയുടെ നടപടിക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. കേസിൽ അന്തിമ വിധി വരുന്നതുവരെ ആർക്കും കരാർ നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.
കരാർ നിഷേധിക്കപ്പെട്ട ക്ലിയർപെറ്റ് കമ്പനി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ജവാൻ മദ്യത്തിനും മിൽമയുടെ മലബാർ, എറണാകുളം യൂണിറ്റുകൾക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്.
പാൽക്കുപ്പി വിതരണത്തിനായി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടും ക്ലിയർപെറ്റിനെ ഒഴിവാക്കി, ഉയർന്ന നിരക്കിൽ കുപ്പി വിതരണം ചെയ്യുന്ന തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്ക് മിൽമ കരാർ നീട്ടിനൽകിയെന്നാണ് ആരോപണം. മൂന്ന് മാസത്തോളം കരാർ നീട്ടിനൽകിയതായും റിപ്പോർട്ടുകളുണ്ട്.
ക്ലിയർപെറ്റ് കമ്പനിക്ക് പൂർണമായും സപ്ലൈ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് മിൽമ നൽകുന്ന വിശദീകരണം
എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി എറണാകുളം യൂണിറ്റുകൾക്കായി വിവിധതരം ജാറുകൾ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റെന്നും, യൂണിറ്റുകൾ നൽകിയ സാക്ഷ്യപത്രം മിൽമയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം, ടെൻഡർ റദ്ദാക്കിയ നോട്ടീസിൽ ഉത്പാദനക്ഷമത സംബന്ധിച്ച കാര്യം പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.