മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം: ആറ് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ
തളിപ്പറമ്പ് കരിമ്പത്ത് വച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാൻഡിലായി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സർസയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സൂ സഫാരി പാർക്ക് അവലോകനയോഗത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മന്ത്രിക്ക് നേരെയാണ് അക്രമമുണ്ടായത്.
പ്രജീഷ് ബാബു (30), കെ.കെ. അക്ഷയ് (30), കെ.എം. അതുൽരാജ് (25), ടി. സിദ്ധാർത്ഥ് (23), ബിനിൽ കൃഷ്ണൻ (27), കെ. രമിത്ത് (32) എന്നിവരാണ് റിമാൻഡിലായത്. പതിനാലോളം വരുന്ന സംഘം ചേർന്ന് മന്ത്രിയുടെ കാറിന്റെ ബോണറ്റിലും ഗ്ലാസുകളിലും അടിക്കുകയും മുൻഭാഗത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിക്കുകയും തടയാൻ ശ്രമിച്ച പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.
ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് പി.ഡി.പി ആക്ട് ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് മുൻകരുതലായി തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി. മുഹാസ്, പി. അമൽ പ്രേം എന്നീ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.