കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി സണ്ണി ജോസഫ്; ജൂൺ 30 വരെ നിയന്ത്രണം അനിവാര്യം
Jun 23, 2026, 14:06 IST
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ജൂൺ 30 വരെ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. അത് മൂലം അന്തരീക്ഷ താപനില കുറയാത്തതിനും അതുവഴി വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവിനും ഉണ്ടായിട്ടുണ്ട്. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.