മന്ത്രിമാരായ കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു
സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മന്ത്രിമാരായ കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളെ ബോർഡിൽ പുതിയതായി ഉൾപ്പെടുത്തി. ഇതിനുപുറമെ ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൾ റഹീം എന്നിവരെയും പുതിയ ആസൂത്രണ ബോർഡ് അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചിരുന്നു. പുതുയുഗ കേരള നിർമ്മിതിയിലും വികസന ആസൂത്രണത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കത്തിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത് ആസൂത്രണ ബോർഡിൽ ഒരു വനിത പോലും ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി വനിതകളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ഈ ആവശ്യമംഗീകരിച്ചാണ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്.
മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് ഉപാധ്യക്ഷൻ. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് ബോർഡിലെ മറ്റ് മന്ത്രിമാർ. ജി. വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ഡോ. പി.പി. ബാലൻ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങളായി ബോർഡിലുള്ളത്.