മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി
Jul 29, 2026, 14:35 IST
മലപ്പുറത്ത് നിന്ന് കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. യാത്രയ്ക്കിടെ ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ ദിൽഷാദിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു.
'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ദിൽഷാദ്, ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്താറുണ്ട്. യാത്രയുടെ ഭാഗമായി ഈ മാസം ആറിനാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാനാകാതായതോടെയാണ് കുടുംബം ആശങ്കയിലായത്. അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ നിന്ന് ദിൽഷാദിനെ കണ്ടെത്തിയത്.